ഞാൻ അവന്റെ കൈകളാകുന്നു
ജിയ ഹൈക്സിയക്ക് 2000-ൽ കാഴ്ച നഷ്ടപ്പെട്ടു. അവന്റെ കൂട്ടുകാരൻ ജിയാ വെൻക്വിക്ക് ബാല്യത്തിൽ തന്നെ അവന്റെ കയ്യുകൾ നഷ്ടപ്പെട്ടിരുന്നു. അവരുടെ പരിമിതികളിൽ നിന്നും കൊണ്ടുതന്നെ അവർ ഒരു വഴി കണ്ടുപിടിച്ചു. – “ഞാൻ അവന്റെ കൈകളും അവൻ എന്റെ കണ്ണുകളും” ആണെന്നായിരുന്നു ഹൈക്സിയ പറയുന്നത്. അവർ രണ്ടുപേരും ചേർന്ന് ചൈനയിലെ അവരുടെ ഗ്രാമത്തെ തന്നെ രൂപാന്തരപ്പെടുത്തി.
2002 മുതൽ, ഈ കൂട്ടുകാർ അവരുടെ അടുത്തുള്ള ഒരു തരിശുനിലം പുനർജീവിപ്പിക്കുന്ന ഒരു ദൗത്യത്തിലായിരുന്നു. ഓരോ ദിവസവും ഹൈക്സിയ, വെൻക്വിയുടെ പുറത്തു കയറി ഒരു നദി കടന്നാണ് ഈ സ്ഥലത്തേക്ക് പോയിരുന്നത്. വെൻക്വിയുടെ തോളിന്റെയും കവിളിന്റെയും ഇടയിൽ വെച്ചിരിക്കുന്ന ഒരു വടിയിൽ ഒരു ബക്കറ്റ് വെച്ച് കെട്ടി കൊടുക്കുന്നതിനു മുൻപ്, വെൻക്വി അവന്റെ കാലുകൊണ്ട് ഒരു ഷവൽ ഹൈക്സിയയുടെ കൈകളിൽ കൊടുക്കും. ഒരാൾ കുഴിക്കും മറ്റേ ആൾ വെള്ളം ഒഴിക്കും, രണ്ടു പേരും ചേർന്ന് – 10000-ൽ അധികം ചെടികൾ നട്ടു പിടിപ്പിച്ചു. “ഒരുമിച്ച് ജോലി ചെയ്യുമ്പോൾ, ഞങ്ങൾ കുറവുള്ളവരാണെന്ന് തോന്നുകയേയില്ല” എന്നും “ഞങ്ങൾ ഒരു ടീം ആണ്” എന്നും ഹൈക്സിയ പറഞ്ഞു.
അപ്പോസ്തലനായ പൗലോസ് സഭയെ ഒരു ശരീരമായാണ് കാണുന്നത്. ഓരോ ഭാഗവും പ്രവർത്തിക്കുന്നതിന് മറ്റൊന്നിനെ ആവശ്യമുണ്ട്. സഭ മുഴുവൻ കണ്ണ് ആണെങ്കിൽ, ആരും കേൾക്കില്ല. എല്ലാം ചെവി ആണെങ്കിൽ മണമെന്തെന്ന് മനസ്സിലാവുകയില്ല (1 കൊരിന്ത്യർ 12:14-17). “കണ്ണിന് കൈയോടു: നിന്നെകൊണ്ടു എനിക്ക് ആവശ്യമില്ല എന്ന് പറഞ്ഞു കൂടാ” എന്ന് പൗലോസ് പറയുന്നു (വാ. 21). നാം ഓരോരുത്തരും അവരവരുടെ ആത്മീയ വരങ്ങൾക്കനുസരിച്ച് ഓരോ കർത്തവ്യം ചെയ്യുന്നു(വാ.7-11, 18 ). ജിയ ഹൈക്സിയുടേയും ജിയ വെൻക്വിയുടേയും പോലെ നാം നമ്മുടെ ശക്തികളെ സംയോജിപ്പിച്ചാൽ ഈ ലോകത്തിൻ മാറ്റങ്ങൾ കൊണ്ടു വരുവാൻ കഴിയും.
രണ്ടു പേർ അവരുടെ കഴിവുകളെ സംയോജിപ്പിച്ചപ്പോൾ ഒരു തരിശുഭൂമി പുനർജീവിച്ചു. ഒരു സഭ മുഴുവനായി പ്രവർത്തിച്ചാൽ എന്തെല്ലാം ചെയ്യുവാൻ സാധിക്കും!
ക്രിസ്തുമസ്സ് പൈതൽ
ഒരു വിത്തിൽ നിന്നും ദേവദാരുവിന്റെ വസന്തം തന്നെ ഉണ്ടാക്കുന്നവൻ ഒരു ഭ്രൂണമായിട്ടാണ് ജീവിതം ആരംഭിച്ചത്; നക്ഷത്രങ്ങളെ ഉണ്ടാക്കിയവൻ തന്നെത്താൻ ഒരു ഗർഭപാത്രത്തിൽ സമർപ്പിച്ചവൻ; സ്വർഗ്ഗം മുഴുവൻ നിറക്കുന്നവൻ ഇന്നത്തെ സ്ഥിതിയിൽ കേവലം അതീന്ദ്രിയ ശബ്ദത്തിലെ ഒരു കണിക മാത്രമായി മാറുന്നു. യേശു, അസ്തിത്വത്തിൽ ദൈവമായവൻ, തന്നെത്താൻ ശൂന്യനാക്കി (ഫിലിപ്പിയർ 2:6-7). എന്തൊരു വിസ്മയാവഹമായ ചിന്തയാണ് !
ഒരു കർഷക ഗ്രാമത്തിൽ സമതല പ്രദേശത്ത്, ആട്ടിടയന്മാരുടേയും മാലാഖമാരുടേയും ആകാശത്തിലെ തെളിഞ്ഞ നക്ഷത്രങ്ങളുടെയും ഇടയിൽ, ആടുകളുടെ കരച്ചിൽ അവന്റെ ആദ്യത്തെ താരാട്ട് പാട്ടാക്കി അവൻ ഭൂജാതനാകുന്ന ആ ചിത്രം ഒന്ന് മനസ്സിൽ കണ്ട് നോക്കൂ. അവൻ നല്ല ആകാരവടിവും ഭംഗിയുമുള്ളവനുമായി വളർന്നു; ഗുരുക്കന്മാരെ അമ്പരിപ്പിക്കുന്ന വിധം വലിയ ചോദ്യങ്ങൾക്ക് ഉത്തരം പറയുന്ന ബാലനായി ; സ്വർഗ്ഗത്തിൽ നിന്ന് തന്റെ പിതാവിന്റെ അംഗീകാരത്തിനായി യോർദ്ദാനിൽ ഇറങ്ങി നില്ക്കുന്ന യുവാവായി; വിജന പ്രദേശത്ത്, പ്രാർത്ഥനയോടും ഉപവാസത്തോടും കൂടി സാത്താനോട് പോരാടി.
അടുത്തതായി അവൻ , ലോകത്തെ മാറ്റിമറിക്കുന്ന തരത്തിലുള്ള തന്റെ ദൗത്യം തുടങ്ങുന്നത് കാണാം - രോഗികളെ സൗഖ്യമാക്കി, കുഷ്ഠ രോഗിയെ തൊട്ടു, അശുദ്ധന് മോചനം കൊടുത്തു. അവൻ ഒരു തോട്ടത്തിൽ മുട്ടുകുത്തി അതിവേദനയോടെ പ്രാർത്ഥിക്കുമ്പോൾ അവർ അവനെ പിടികൂടുന്നതും ഏറ്റവും അടുത്ത സുഹൃത്തുക്കൾ അവനെ വിട്ട് ഓടിപ്പോകുന്നതും കാണുക. മുഖത്ത് തുപ്പലേറ്റ്, ലോകത്തിന്റെ പാപം ചുമലിലേറ്റി, രണ്ട് മരത്തടികളിന്മേൽ ക്രൂശിക്കപ്പെട്ടതും കാണുക. പക്ഷെ നോക്കൂ, ശരിക്ക് നോക്കൂ ,കല്ല് ഉരുണ്ടു മാറി പോയിരിക്കുന്നു; ശൂന്യമായ കല്ലറയുടെ മുഴക്കം കേൾക്കുന്നു ; കാരണം,അവൻ ജീവിക്കുന്നു!
നോക്കൂ, ദൈവം അവനെ ഏറ്റവും ഉയർത്തി.(വാ.9). അവന്റെ നാമം സ്വർലോകവും ഭൂലോകവും നിറഞ്ഞിരിക്കുന്നു. (വാ.10-11).
നക്ഷത്രങ്ങളുടെ സ്രഷ്ടാവായവൻ അൾട്രാ സൗണ്ടിലെ ഒരു കണികയായി. ഇതാണ് നമ്മുടെ ക്രിസ്മസ് പൈതൽ.
സുവാർത്ത
1941 ൽ, ഹിറ്റ്ലറുടെ വാഴ്ച യുറോപ്പിലെമ്പാടും വ്യാപിച്ചുകൊണ്ടിരുന്നപ്പോൾ, നോവലിസ്റ്റ് ജോൺ സ്റ്റീൻബെക്കിനോട് (ഒരു അമേരിക്കൻ നോവലിസ്റ്റ്) യുദ്ധകാര്യങ്ങളിൽ സഹകരിക്കാൻ അഭ്യർത്ഥിച്ചു. ഇത് യുദ്ധമുന്നണിയിൽ പോയി പോരാടാനായിരുന്നില്ല, മറിച്ച്, ഒരു കഥ എഴുതാനായിരുന്നു. അങ്ങനെയാണ് “ദ മൂൺ ഈസ് ഡൗൺ” എന്ന നോവൽ പിറന്നത്: സമാധാനത്തോടെ കഴിഞ്ഞ ഒരു നാട്ടിനെ ഒരു ദുഷ്ടഭരണം കീഴടക്കുന്നതായിരുന്നു പ്രമേയം. ഭൂഗർഭ പ്രസ്സുകളിൽ അച്ചടിക്കപ്പെട്ട പുസ്തകം നാസികളുടെ നിയന്ത്രണത്തിലായ രാജ്യങ്ങളിലൊക്കെ രഹസ്യമായി വിതരണം ചെയ്യപ്പെട്ടു. സഖ്യകക്ഷികൾ എത്തിക്കൊണ്ടിരുന്ന സമയം നോവലിലെ കഥാപാത്രങ്ങളെ അനുകരിച്ച് വായനക്കാർക്ക് സ്വാതന്ത്ര്യത്തിനായി പരിശ്രമിക്കാൻ നോവൽ പ്രചോദനമായി. ജർമ്മനിയുടെ ഭരണത്തിലായിരുന്ന ജനതക്ക് “ദ മൂൺ ഈസ് ഡൗൺ” ലൂടെ എഴുത്തുകാരൻ ഒരു സുവാർത്ത നൽകുകയായിരുന്നു - മോചനം അടുത്തെത്തി എന്ന്.
ഈ കഥയിലെ കഥാപാത്രങ്ങളെപ്പോലെ, ഒന്നാം നൂറ്റാണ്ടിലെ യഹൂദരും റോമിന്റെ മൃഗീയ ഭരണത്തിൻ കീഴിൽ അമർന്ന് കഴിയുകയായിരുന്നു. എന്നാൽ ഒരു "മിത്രത്തെ" അയച്ച് അവരെ വിടുവിക്കുമെന്നും ലോകത്തിന് സമാധാനം കൊണ്ടുവരും എന്നും ദൈവം അവരോട് നൂറ്റാണ്ടുകൾക്കു മുമ്പ് വാഗ്ദത്തം ചെയ്തിരുന്നു. (യെശ.11) ഈ മിത്രം വന്നപ്പോൾ ആനന്ദം പൊട്ടിപ്പുറപ്പെട്ടു. "ഞങ്ങൾ നിങ്ങളോട് സുവിശേഷിച്ചിരിക്കുന്നു " പൗലോസ് പറഞ്ഞു. "ദൈവം പിതാക്കന്മാരോട് ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്ക് നിവർത്തിച്ചിരിക്കുന്നു " (അപ്പോ.പ്രവൃത്തി 13:32-33). യേശുവിന്റെ ഉയിർപ്പിലൂടെയും പാപമോചന വാഗ്ദാനത്തിലൂടെയും ലോകത്തിന്റെ യഥാസ്ഥാപനം ആരംഭിച്ചു (വാ. 38-39; റോമ. 8:21 ).
അന്നു മുതൽ, സ്വീകരിക്കപ്പെട്ടിടത്തെല്ലാം സമാധാനവും സ്വാതന്ത്ര്യവും പ്രദാനം ചെയ്തുകൊണ്ട് ഈ കഥ ഭൂഗോളം മുഴുവൻ പരന്നിരിക്കുന്നു. യേശു മരിച്ചവരുടെയിടയിൽ നിന്ന് ഉയിർത്തെഴുന്നേറ്റു. തിന്മയിൽ നിന്നും പാപത്തിൽ നിന്നുമുള്ള നമ്മുടെ മോചനം ആരംഭിച്ചു. അവനിൽ നാം സ്വതന്ത്രരായിത്തീർന്നു!
സഹനത്തിന്റെ ഉദ്ദേശ്യം
"അപ്പോൾ താങ്കൾ പറയുന്നത് ഇത് എന്റെ തെറ്റായിരിക്കില്ല എന്നാണല്ലേ". ആ സ്ത്രീയുടെ വാക്കുകൾ എന്നെ അത്ഭുതപ്പെടുത്തി. അവളുടെ സഭയിലെ ഒരു അഥിതി പ്രഭാഷകനെന്ന നിലയിൽ ആ പ്രഭാതത്തിൽ ഞാൻ പങ്കുവെച്ചതിനെപ്പറ്റിയായിരുന്നു ഞങ്ങളുടെ സംഭാഷണം. "എനിക്കൊരു മാറാരോഗമുണ്ട്, സൗഖ്യം ലഭിക്കേണ്ടതിനുവേണ്ടി ഞാൻ പ്രാർത്ഥിക്കുകയും, ഉപവസിക്കുകയും, പാപങ്ങളെ ഏറ്റുപറയുകയും എന്നാൽ ചെയ്യാവുന്നതെല്ലാം ഞാൻ ചെയ്തു" അവൾ വിവരിച്ചു. "എന്നാൽ ഞാനിപ്പോഴും രോഗിയാണ്, അതുകൊണ്ട് ഞാൻ കരുതി തെറ്റ് എന്റെ ഭാഗത്താണെന്ന്".
ആ സ്ത്രീയുടെ ഏറ്റുപറച്ചിലിൽ എനിക്ക് വിഷമം തോന്നി. അവളുടെ പ്രശ്നം പരിഹരിക്കുവാൻ നൽകിയ ആത്മീയ "സൂത്രവാക്യം" വേണ്ട ഫലം ചെയ്യാത്തതിൽ അവൾ സ്വയം കുറ്റപ്പെടുത്തുകയായിരുന്നു. സഹനത്തോടുള്ള ഇത്തരം സൂത്രവാക്യങ്ങൾ വേണ്ട ഫലം ചെയ്യില്ലെന്ന് തലമുറകൾ മുൻപേ തെളിഞ്ഞതാണ്.
ലളിതമായി പറഞ്ഞാൽ, ഈ സൂത്രവാക്യം പറയുന്നത് നിങ്ങൾക്ക് കഷ്ടതയുണ്ടെങ്കിൽ നിങ്ങൾ പാപാപം ചെയ്തിരിക്കുന്നു. ഇയ്യോബിന് തന്റെ ആടുമാടുകളും, മക്കളും ആരോഗ്യവും നഷ്ടപ്പെട്ടപ്പോൾ, തന്റെ സുഹൃത്തുക്കളും ഇതേ രീതിയാണ് അവലംബിച്ചത്. "നിർദ്ദോഷിയായി നശിച്ചവൻ ആർ?" എന്നാണ് ഇയ്യോബിന്റെമേൽ ദോഷം നിരൂപിച്ചു എലിഫസ് ചോദിച്ചത് (ഇയ്യോ.4:7). തന്റെ മക്കൾ പാപം ചെയ്തതുകൊണ്ട് അവർ മരിച്ചുപോയി എന്നാണ് ബിൽദാദ് പറഞ്ഞത് (8:4). ഇയ്യോബിന്റെ ജീവിതത്തിലെ ദുരിതങ്ങളുടെ(1:6 - 2:10) യഥാർത്ഥ അർത്ഥം മനസ്സിലാക്കാതെ സാമാന്യമായ കാര്യങ്ങൾ പറഞ്ഞാണ് അവർ അവനെ അസഹ്യപ്പെടുത്തിയതും പിന്നീട് ദൈവം അവരെ ശാസിച്ചതും. (42:6)
വീണുപോയ ലോകത്ത് ജീവിക്കുന്നതിന്റെ ഭാഗമാണ് കഷ്ടത. ജോബിനെപ്പോലെ, നമുക്ക് ഒരിക്കലും അറിയാത്ത കാരണങ്ങളാൽ ഇത് സംഭവിക്കാം. എന്നാൽ നിങ്ങൾ സഹിക്കുന്ന വേദനകൾക്കപ്പുറം ദൈവത്തിന് ഒരു ലക്ഷ്യമുണ്ട്. ലളിതമായ സൂത്രവാക്യങ്ങളിൽ വീണു സ്വയം നിരുത്സാഹപ്പെടരുത്.
ത്യജിക്കേണ്ടത് എപ്പോഴാണ്
ഫെബ്രുവരി 2020 ൽ, കോവിഡ് -19 പ്രതിസന്ധിയുടെ ആരംഭത്തിൽ ഒരു പത്രത്തിന്റെ കോളമിസ്റ്റിന്റെ ഉത്കണ്ഠ എന്നെ പിടിച്ചുലച്ചു. മറ്റുള്ളവർക്ക് അസുഖം ബാധിക്കാതിരിക്കുവാനായി നാം സ്വയം മാറിനിൽക്കുമോ, നമ്മുടെ ജോലി, യാത്രകൾ, ഷോപ്പിങ് രീതികൾ എന്നിവ മാറ്റിയാൽ മറ്റുള്ളവർക്ക് അസുഖം വരാതിരിക്കുമോ? എന്നവൾ ആശ്ചര്യപ്പെട്ടു. ഇത് "ഇത് ഒരു ചികിത്സാ രീതിയല്ല", മറിച്ചു "മറ്റുള്ളവർക്കുവേണ്ടി നമ്മെത്തന്നെ മാറ്റി നിർത്തുവാനുള്ള നമ്മുടെ സന്നദ്ധതയാണ്".
നമ്മുടെ ആവശ്യങ്ങളെക്കുറിച്ചു നാം ആകുലായിരിക്കുമ്പോൾ തന്നെ മറ്റുള്ളവരുടെ ആവശ്യത്തെ പരിഗണിക്കുക എന്നത് പ്രയാസമാണ്. നമ്മുടെ ആവശ്യങ്ങൾ നേടുവാനായി നമുക്ക് ഇച്ഛാശക്തി മാത്രമല്ല തന്നിരിക്കുന്നത്. നമ്മുടെ ഉദാസീനത മാറ്റി സ്നേഹവും, ദുഃഖത്തെ ചെറുക്കുവാൻ സന്തോഷവും, ഉത്കണ്ഠയെ മാറ്റി സമാധാനവും, ആവേശത്തെ പുറത്താക്കുവാൻ സഹനവും(ക്ഷമ) മറ്റുള്ളവരെ കരുതുവാൻ ദയയും, അവരുടെ ആവശ്യങ്ങളെ കാണുവാൻ നന്മയും, നമ്മുടെ വാഗ്ദാനങ്ങളെ പാലിക്കുവാൻ വിശ്വസ്തതയും, ദുഷ്ടതക്ക് പകരം സൗമ്യതയും, സ്വാർത്ഥതയെ നീക്കുവാൻ ആത്മ നിയന്ത്രണവും (ഗലാ.5: 22-23) നല്കാൻ പരിശുദ്ധാത്മാവിനോട് ആവശ്യപ്പെടാം. ഇതിലൊന്നും നാം പൂർണ്ണതയുള്ളവരല്ലെങ്കിലും, പരിശുദ്ധാത്മാവിന്റെ ദാനമാകുന്ന സദ്ഗുണങ്ങളെ ദിവസവും അന്വേഷിക്കുവാൻ നമ്മെ ക്ഷണിക്കുന്നു. (എഫെ.5: 18)
ഒരിക്കൽ ഒരു എഴുത്തുകാരൻ വിശുദ്ധിയെന്നാൽ ചെയ്യാനുള്ള കാര്യങ്ങൾ ചെയ്യേണ്ട സമയത്തു ചെയ്യുവാനുള്ള കഴിവാണ് എന്ന് വിശദീകരിച്ചു. അത്തരത്തിലുള്ള വിശുദ്ധി മഹാമാരിയുള്ളപ്പോൾ മാത്രമല്ല ദിനവും ആവശ്യമാണ്. മറ്റുള്ളവർക്കായി ത്യാഗങ്ങൾ ചെയ്യുവാനുള്ള പ്രാപ്തി നമുക്കുണ്ടോ? പരിശുദ്ധാത്മാവേ, ഞങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുവാനുള്ള ശക്തി പകരേണമേ.
പരിമിതിയില്ലാത്തവൻ
സമയപരിധിക്കുള്ളിൽ തീർക്കേണ്ട, പെരുകിവരുന്ന ജോലികളുടെ ഭാരത്തിൽ വലിഞ്ഞുമുറുകിയ ശരീരവും ചുരുങ്ങിയ വയറുമായി ഷോപ്പിംഗ് മാളിലെ ഫുഡ് കോർട്ടിൽ ഞാൻ ഇരിക്കുകയായിരുന്നു. ഞാൻ എന്റെ ഭക്ഷണപ്പൊതി അഴിച്ച് ഒരുപിടി ഭക്ഷിക്കുമ്പോഴേക്കും ആളുകൾ അവരുടെ സ്വന്തം ജോലിഭാരങ്ങളെക്കുറിച്ച് ആവലാതി പറഞ്ഞുകൊണ്ട് എനിക്കു ചുറ്റും കൂടി. നാമെല്ലാവരും എത്രമാത്രം പരിമിതരാണ് ഞാൻ സ്വയം ചിന്തിച്ചു, സമയത്തിലും ഊർജ്ജത്തിലും പ്രാപ്തിയിലും പരിമിതിയുള്ളവർ.
ചെയ്യേണ്ടവയുടെ ഒരു പുതിയ പട്ടിക തയ്യാറാക്കുന്നതിനെക്കുറിച്ചും അടിയന്തിര ജോലികൾക്ക് മുൻഗണന നൽകുന്നതിനെക്കുറിച്ചും ഞാൻ ചിന്തിച്ചു, പക്ഷേ ഞാൻ ഒരു പേന എടുക്കുമ്പോഴേക്കും മറ്റൊരു ചിന്ത എന്റെ മനസ്സിലേക്ക് കടന്നുവന്നു: അപരിമേയനും പരിമിതിയില്ലാത്തവനും, അവൻ ആഗ്രഹിക്കുന്നതെല്ലാം അനായാസമായി നിറവേറ്റുന്നവനുമായ ഒരുവനെക്കുറിച്ചുള്ള ചിന്ത.
ഈ ദൈവത്തിന്, ഉള്ളംകൈകൊണ്ട് വെള്ളം അളക്കുകയും ചാണു കൊണ്ട് ആകാശത്തിന്റെ പരിമാണമെടുക്കുകയും ഭൂമിയുടെ പൊടി നാഴിയിൽ കൊള്ളിക്കുകയും ചെയ്യാൻ കഴിയുമെന്ന് യെശയ്യാവ് പറയുന്നു (യെശയ്യാവ് 40:12). അവൻ ആകാശത്തിലെ നക്ഷത്രങ്ങൾക്ക് പേരിടുകയും അവയുടെ പാതയിൽ അവയെ പുറപ്പെടുവിക്കുകയും ചെയ്യുന്നു (വാ. 26), അവൻ ലോകത്തിന്റെ ഭരണാധികാരികളെ അറിയുകയും അവരുടെ ഭരണത്തിന് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു (വാ. 23), ദ്വീപുകളെ വെറും പൊടിപടലങ്ങളായും രാജ്യങ്ങളെ കടലിലെ തുള്ളികൾ പോലെയും കണക്കാക്കുന്നു (വാ. 15). ''നിങ്ങൾ എന്നെ ആരോടു സദൃശമാക്കും?'' അവൻ ചോദിക്കുന്നു (വാ. 25). ''യഹോവ നിത്യദൈവമാണ്,'' യെശയ്യാവ് മറുപടി പറയുന്നു. ''അവൻ ക്ഷീണിക്കുന്നില്ല, തളർന്നുപോകുന്നതുമില്ല'' (വാ. 28).
സമ്മർദ്ദവും അമിതാധ്വാനവും നമുക്ക് ഒരിക്കലും നല്ലതല്ല, എന്നാൽ ഈ ദിവസം അവ ശക്തമായ പാഠം നൽകുന്നു. പരിമിതിയില്ലാത്ത ദൈവം എന്നെപ്പോലെയല്ല. അവൻ ആഗ്രഹിക്കുന്നതെല്ലാം അവൻ നിറവേറ്റുന്നു. ഞാൻ ഭക്ഷണം പൂർത്തിയാക്കി, ഒരിക്കൽ കൂടി അല്പനേരം നിർത്തി. നിശബ്ദമായി ആരാധിച്ചു.
ക്രിസ്തുവിൽ പരിപൂർണ്ണർ
ഒരു ജനപ്രിയ സിനിമയിൽ, ഒരു സ്പോർട്സ് ഏജന്റായി വിജയിക്കാൻ പരിശ്രമിക്കുന്നവനും വിവാഹജീവിതത്തിൽ തകർച്ച നേരിടുന്നവനുമായി ഒരു വ്യക്തിയായി ഒരു നടൻ അഭിനയിക്കുന്നു. തന്റെ ഭാര്യയെ തിരികെ നേടാൻ ശ്രമിക്കുന്ന അയാൾ അവളുടെ കണ്ണുകളിലേക്കു നോക്കി പറയുന്നു, ''നീ എന്നെ പൂർണ്ണനാക്കുന്നു.'' ഒരു നാടോടി കഥയെ പ്രതിധ്വനിപ്പിക്കുന്ന ഹൃദയസ്പർശിയായ ഒരു സന്ദേശമാണത്. ആ പുരാവൃത്തമനുസരിച്ച്, നാം ഓരോരുത്തരും ഒരു ''പകുതി'' ആണ്, നാം പൂർണ്ണമാകാൻ നമ്മുടെ ''മറ്റേ പകുതി'' കണ്ടെത്തണം.
ഒരു പ്രണയ പങ്കാളി നമ്മെ ''പൂർണ്ണരാക്കുന്നു'' എന്ന വിശ്വാസം ഇപ്പോൾ ജനപ്രിയ സംസ്കാരത്തിന്റെ ഭാഗമാണ്. എന്നാൽ ഇത് ശരിയാണോ? വിവാഹിതരായ പല ദമ്പതികളുമായും ഞാൻ സംസാരിക്കാറുണ്ട്, അവരിൽ മിക്കവരും മക്കളില്ലാത്ത കാരണത്താലും അല്ലെങ്കിൽ മക്കളുണ്ടെങ്കിലും മറ്റെന്തോ കുറവുണ്ട് എന്ന തോന്നലിനാലോ അപൂർണ്ണരായി അനുഭവപ്പെടുന്നവരാണ്. ആത്യന്തികമായി, ഒരു മനുഷ്യനും നമ്മെ പൂർണ്ണരാക്കുവാൻ കഴിയുകയില്ല.
അപ്പൊസ്തലനായ പൗലൊസ് മറ്റൊരു പരിഹാരം നൽകുന്നു. ''അവനിലല്ലോ ദൈവത്തിന്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നത് ... അവനിൽ നിങ്ങൾ പരിപൂർണ്ണരായിരിക്കുന്നു'' (കൊലൊസ്യർ 2:9-10). യേശു നമ്മോട് ക്ഷമിക്കുകയും നമ്മെ സ്വതന്ത്രരാക്കുകയും മാത്രമല്ല ചെയ്യുന്നത്, ദൈവത്തിന്റെ ജീവൻ നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിലൂടെ അവിടുന്ന് നമ്മെ പൂർണ്ണരാക്കുകയും ചെയ്യുന്നു (വാ. 13-15).
വിവാഹം നല്ലതാണ്, പക്ഷേ അതിന് നമ്മെ പൂർണ്ണരാക്കാൻ കഴികയില്ല. യേശുവിനു മാത്രമേ അത് ചെയ്യാൻ കഴിയൂ. ഒരു വ്യക്തിയോ തൊഴിലോ അല്ലെങ്കിൽ മറ്റെന്തെങ്കിലുമോ നമ്മെ പൂർണ്ണരാക്കുമെന്ന് പ്രതീക്ഷിക്കുന്നതിനുപകരം, ദൈവത്തിന്റെ സമ്പൂർണ്ണത നമ്മുടെ ജീവിതത്തെ കൂടുതൽ കൂടുതൽ നിറയ്ക്കുന്നതിന് അനുവദിക്കാനുള്ള ദൈവത്തിന്റെ ക്ഷണം നമുക്കു സ്വീകരിക്കാം.
പ്രതികാരം അന്വേഷിക്കുന്നില്ല
കൃഷിക്കാരൻ തന്റെ ട്രക്കിൽ കയറി വിളകളുടെ പ്രഭാത പരിശോധന ആരംഭിച്ചു. വസ്തുവിന്റെ അങ്ങേയറ്റത്തെത്തിയപ്പോൾ അയാളുടെ രക്തം തിളക്കാൻ തുടങ്ങി. ആരോ നിയമവിരുദ്ധമായി വീണ്ടും അവിടെ മാലിന്യം കൊണ്ടിട്ടിരിക്കുന്നു.
ഭക്ഷണാവശിഷ്ടങ്ങൾ നിറഞ്ഞ ബാഗുകൾ ട്രക്കിൽ നിറച്ചുകൊണ്ടിരുന്നപ്പോൾ, കർഷകൻ ഒരു കവർ കണ്ടെത്തി. അതിൽ കുറ്റവാളിയുടെ വിലാസം അച്ചടിച്ചിരുന്നു. അവഗണിക്കാൻ കഴിയാത്തവിധം വളരെ നല്ല ഒരു അവസരം ഇതാ. ആ രാത്രിയിൽ അയാൾ കുറ്റവാളിയുടെ വീട്ടിലേക്കു പോയി, മാലിന്യം മുഴുവനും അയാളുടെ തോട്ടത്തിൽ നിക്ഷേപിച്ചു, അയാളുടേതു മാത്രമല്ല, തന്റേതും!
പ്രതികാരം മധുരതരമാണ് എന്നു ചിലർ പറയുന്നു. പക്ഷേ അതു ശരിയാണോ? 1 ശമൂവേൽ 24 ൽ, കൊലപാതകിയായ ശൗൽ രാജാവിൽ നിന്ന് രക്ഷപ്പെടാനായി ദാവീദും കൂട്ടരും ഒരു ഗുഹയിൽ ഒളിച്ചിരുന്നു. വിശ്രമിക്കുന്നതിനായി ശൗൽ അതേ ഗുഹയിലേക്കു കടന്നപ്പോൾ, ദാവീദിനു തീരെ അവഗണിക്കാൻ കഴിയാത്ത, പ്രതികാരത്തിനുള്ള വളരെ നല്ല അവസരമാണ് ദാവീദിന്റെ ആളുകൾ അതിൽ കണ്ടത് (വാ. 3-4). എന്നാൽ, അവസരം മുതലാക്കാനുള്ള ഈ ആഗ്രഹത്തെ ദാവീദ് എതിർത്തു. ''എന്റെ യജമാനന്റെ നേരെ കൈയെടുക്കുന്നതായ ഈ കാര്യം ചെയ്യുവാൻ യഹോവ എനിക്ക് ഇടവരുത്തരുതേ'' (വാ. 6). ദാവീദ് തന്റെ ജീവൻ രക്ഷിക്കുന്നതാണ് തിരഞ്ഞെടുത്തതെന്ന് ശൗൽ കണ്ടെത്തിയപ്പോൾ അവനത് വിശ്വസിക്കാൻ കഴിഞ്ഞില്ല: ''നീ എന്നെക്കാൾ നീതിമാൻ,'' ശൗൽ ഏറ്റുപറഞ്ഞു (വാ. 17-18).
നമ്മളോ നമ്മുടെ പ്രിയപ്പെട്ടവരോ അനീതി നേരിടുമ്പോൾ, കുറ്റവാളികളോടു പ്രതികാരം ചെയ്യാനുള്ള അവസരങ്ങൾ വന്നേക്കാം. കൃഷിക്കാരൻ ചെയ്തതുപോലെ, നാം ഈ മോഹങ്ങൾക്ക് വഴങ്ങുമോ അതോ ദാവീദിനെപ്പോലെ അവയെ ചെറുക്കുമോ? പ്രതികാരത്തിനു പകരം നാം യോഗ്യമായ പാത തിരഞ്ഞെടുക്കുമോ?
മഹത്വം
വടക്കൻ ഇംഗ്ലണ്ടുകാർക്കു വളരെയധികം പ്രിയപ്പെട്ട വ്യക്തിയാണ് കത്ബർട്ട്. ഏഴാം നൂറ്റാണ്ടിൽ, ഭൂരിഭാഗം പ്രദേശത്തിന്റെയും സുവിശേഷീകരണത്തിന് ഉത്തരവാദിത്വം വഹിച്ച കത്ബർട്ട് രാജാക്കന്മാരെ ഉപദേശിക്കുകയും ഭരണകാര്യങ്ങളെ സ്വാധീനിക്കുകയും ചെയ്തു; അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ ബഹുമാനാർത്ഥമാണ് ഡർഹാം നഗരം പണിതത്. എന്നാൽ കത്ബെർട്ടിന്റെ പൈതൃകം ഇവയെക്കാളെല്ലാം കൂടുതൽ മികച്ച മാർഗ്ഗങ്ങളിൽ നിലകൊള്ളുന്നതാണ്.
ഒരു മഹാമാരി ഈ പ്രദേശത്തെ തകർത്തതിനുശേഷം, രോഗബാധിതർക്ക് ആശ്വാസമേകിക്കൊണ്ട് കത്ബർട്ട് പട്ടണങ്ങളിൽ പര്യടനം നടത്തി. ഒരു പട്ടണത്തിൽനിന്നു വിടവാങ്ങാൻ തയ്യാറെടുക്കുമ്പോൾ ഇനിയാർക്കെങ്കിലുംവേണ്ടി പ്രാർത്ഥിക്കാൻ ഉണ്ടോ എന്നദ്ദേഹം പരിശോധിച്ചു. കൊച്ചു കുഞ്ഞിനെ മാറോടുചേർത്തുപിടിച്ച്് ഒരു സ്ത്രീ അവിടെ ഉണ്ടായിരുന്നു. അവൾക്ക് ഇതിനകം ഒരു മകനെ നഷ്ടപ്പെട്ടു, അവളുടെ കൈയിലിരുന്ന കുട്ടിയും മരണത്തോടടുക്കുകയായിരുന്നു. കത്ബർട്ട് പനിപിടിച്ച ആൺകുഞ്ഞിനെ കൈയ്യിൽ എടുത്ത് അവനുവേണ്ടി പ്രാർത്ഥിച്ചു, അവന്റെ നെറ്റിയിൽ ചുംബിച്ചു. ''ഭയപ്പെടേണ്ടാ, നിന്റെ കുടുംബത്തിൽ ഇനി മറ്റാരും മരിക്കുകയില്ല'' എന്ന് അവളോടു പറഞ്ഞു. ആ കുഞ്ഞു ജീവിച്ചിരുന്നതായാണ് ചരിത്രം.
മഹത്വത്തെക്കുറിച്ച് ഒരു പാഠം പഠിപ്പിക്കാൻ യേശു ഒരിക്കൽ ഒരു കൊച്ചുകുട്ടിയെ കൈയ്യിലെടുത്ത് ഇപ്രകാരം പറഞ്ഞു, ''ഇങ്ങനെയുള്ള ശിശുക്കളിൽ ഒന്നിനെ എന്റെ നാമത്തിൽ കൈക്കൊള്ളുന്നവൻ എന്നെ
കൈക്കൊള്ളുന്നു'' (മർക്കൊസ് 9:37). യെഹൂദ സംസ്കാരത്തിൽ ആരെയെങ്കിലും ''സ്വാഗതം'' ചെയ്യുന്നത് അവരെ സേവിക്കുന്നതിനു തുല്യമാണ്. കുട്ടികൾ മുതിർന്നവരെ സേവിക്കുകയാണു വേണ്ടത്, അവർ സേവിക്കപ്പെടുകയല്ല എന്നതിനാൽ ഈ ആശയം ഞെട്ടിക്കുന്നതായിരുന്നു. യേശുവിന്റെ ആശയം? ഏറ്റവും ചെറിയവരെയും താണവരെയും സേവിക്കുന്നതിലാണ് യഥാർത്ഥ മഹത്വം നിലകൊള്ളുന്നത് (വാ. 35).
രാജാക്കന്മാർക്ക് ഒരു ഉപദേഷ്ടാവ്. ചരിത്രത്തെ സ്വാധീനിച്ചയാൾ. അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ഒരു നഗരം നിർമ്മിക്കപ്പെട്ടു. പക്ഷേ, കത്ബെർട്ടിന്റെ പൈതൃകത്തെ സ്വർഗ്ഗം ഇതുപോലെയായിരിക്കും രേഖപ്പെടുത്തുന്നത്: ശ്രദ്ധിക്കപ്പെട്ട ഒരു അമ്മ. ചുംബിക്കപ്പെട്ട ഒരു നെറ്റി. യജമാനനെ പ്രതിഫലിപ്പിക്കുന്ന ഒരു എളിയ ജീവിതം.
അസൂയയെ അതിജീവിക്കുക
ഒരു പ്രശസ്ത ഇംഗ്ലീഷ് സിനിമയില്‍, ഒരു പ്രായമായ സംഗീതജ്ഞന് ഒരു സന്ദര്‍ശക പുരോഹിതനുവേണ്ടി പിയാനോയില്‍ തന്റെ ചില ഗാനങ്ങള്‍ വായിച്ചു. ലജ്ജിതനായ പുരോഹിതന് താന്‍ രാഗങ്ങള്‍ തിരിച്ചറിഞ്ഞില്ലെന്ന് സമ്മതിച്ചു. ''ഇതിനെക്കുറിച്ച് എന്തുപറയുന്നു?'' പരിചിതമായ ഒരു മെലഡി വായിച്ചുകൊണ്ട് സംഗീതജ്ഞന് ചോദിച്ചു. ''താങ്കളാണ് അതെഴുതിയത് എന്നു ഞാനറിഞ്ഞില്ല'' പുരോഹിതന് പറഞ്ഞു. ''ഞാനും അറിഞ്ഞിരുന്നില്ല,'' അദ്ദേഹം മറുപടി നല്കി, ''അതു മൊസാര്‍ട്ട് ആണ്!'' പ്രേക്ഷകര്‍ പിന്നീട് കണ്ടെത്തുന്നതുപോലെ, മൊസാര്‍ട്ടിന്റെ വിജയം ഈ സംഗീതജ്ഞനില്‍ കടുത്ത അസൂയ ഉളവാക്കിയിരുന്നു - മൊസാര്‍ട്ടിന്റെ മരണത്തില്‍ ഒരു പങ്കുവഹിക്കാന്‍പോലും അതയാളെ പ്രേരിപ്പിച്ചു.
മറ്റൊരു അസൂയക്കഥയുടെ പിന്നിലും ഒരു ഗാനമുണ്ട്. ഗൊല്യാത്തിന്റെമേല്‍ ദാവീദ് വിജയം നേടിയശേഷം യിസ്രായേല്യര്‍ ഹൃദയം തുറന്നു പാടി, ''ശൗല്‍ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ'' (1 ശമൂവേല്‍ 18:7). താരതമ്യം ശൗലിനു സന്തോഷകരമായിരുന്നില്ല. ദാവീദിന്റെ വിജയത്തില്‍ അസൂയയും സിംഹാസനം നഷ്ടപ്പെടുമോ എന്ന ഭയവും (വാ. 8-9) നിമിത്തം ദാവീദിന്റെ ജീവനെടുക്കാനായി ശൗല്‍ അവനെ ദീര്‍ഘകാലം പിന്തുടര്ന്നു.
സംഗീതത്തെച്ചൊല്ലി ഈ സംഗീതജ്ഞനോ, അധികാരത്തെച്ചൊല്ലി ശൗലോ ചെയ്തതുപോലെ, നാമും സാധാരണയായി നമുക്കു സമാനമായതും എന്നാല്‍ ഉയര്‍ന്ന നിലയിലും കഴിവുകളുള്ളവരോട് അസൂയപ്പെടാന്‍ പരീക്ഷിക്കപ്പെടാറുണ്ട്. അത് അവരുടെ ജോലിയുടെ തെറ്റ് കണ്ടുപിടിക്കുന്നതിലൂടെ ആയാലും അല്ലെങ്കില്‍ അവരുടെ വിജയത്തെ ചെറുതായിക്കാണിക്കുന്നതിലൂടെ ആയാലും, നമ്മുടെ ''എതിരാളികളെ'' തകര്‍ക്കാന്‍ നാം ശ്രമിക്കും.
ശൗലിനെ ദൗത്യനിര്‍വഹണത്തിനായി ദൈവം തിരഞ്ഞെടുത്തതാണ് (10:6-7, 24), അതവനില്‍ അസൂയയേക്കാള്‍ സുരക്ഷിതത്വം ഉറപ്പിക്കേണ്ടതായിരുന്നു. നമുക്കെല്ലാവര്‍ക്കും അതുല്യമായ വിളികളുണ്ട് (എഫെസ്യര്‍ 2:10), അതിനാല്‍ അസൂയയെ മറികടക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം നമ്മെ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുന്നത് ഉപേക്ഷിക്കുക എന്നതാണ്. പകരം പരസ്പരം മറ്റുള്ളവരുടെ വിജയങ്ങള്‍ ആഘോഷിക്കാം.